ഖുര്‍ആനില്‍ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.
ഖുര്‍ആനില്‍ കൈവെച്ചായിരുന്നു മംദാനിയുടെ സത്യവാചകം. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പങ്കാളിയായ രാമ ദുവാജിയും ചടങ്ങില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു.
അമേരിക്കയില്‍ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു മംദാനിയുടെ സ്ഥാനാരോഹണം.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് എന്നതും ശ്രദ്ധേയമാണ്.
1904-ല്‍ നിര്‍മിച്ച് 1945-ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാള്‍’ സബ്‌വേ സ്റ്റേഷനാണ് സത്യപ്രതിജ്ഞയ്ക്ക് വേദിയായത്.
ഖുര്‍ആനില്‍ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി
ന്യൂയോര്‍ക്കിന്റെ ചരിത്രവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥലത്തെ വേദിയായി തെരഞ്ഞെടുത്തതെന്ന് മംദാനി വ്യക്തമാക്കി.
പകല്‍ സിറ്റി ഹാളിന് മുന്നില്‍ വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഏകദേശം നാല്‍പ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നഗരത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമാകും.
ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം, ആദ്യ സോഷ്യലിസ്റ്റ്, ഇന്ത്യന്‍ വംശജനെന്ന നിലയിലും മംദാനി ചരിത്രം കുറിച്ചു.
പ്രശസ്ത ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനായ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതുവരെ ന്യൂയോര്‍ക്കില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് അദ്ദേഹം. രാഷ്ട്രീയ നിലപാടുകളില്‍ ഇടതുപക്ഷ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണ് മംദാനി.
അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം, സാമ്പത്തിക പുനര്‍വിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അവകാശ സംരക്ഷണം, LGBTQ+ അവകാശങ്ങള്‍, കാലാവസ്ഥാ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സ്ഥിരമായി നിലപാട് അറിയിച്ചിട്ടുണ്ട്.
ഇസ്രയേല്‍–പലസ്തീന്‍ സംഘര്‍ഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും മംദാനി തുറന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം, പൊതുഗതാഗത വികസനം, സാമൂഹിക അസമത്വം കുറയ്ക്കുന്ന നയങ്ങള്‍ തുടങ്ങിയ ആശയങ്ങളാണ് മംദാനി തന്റെ ഭരണ അജണ്ടയായി മുന്നോട്ടുവെച്ചിരിക്കുന്നത്.









