കൊച്ചി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കണ്ട് യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. എരൂർ ലേബർ ജംഗ്ഷന് സമീപം പുരപറമ്പിൽ വീട്ടിൽ സനലിന്റെ മകൻ ശ്രീധർ (20) ആണ് മരിച്ചത്.
2025-ലെ വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ശ്രീധർ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, രാവിലെ 11.30 ഓടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ പൊലീസ് സംഘം വീട്ടിലെത്തി.
പൊലീസ് എത്തിയതറിഞ്ഞ ശ്രീധർ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.
ഒരു മണിക്കൂറിലേറെ സമയം പൊലീസ് കാത്തുനിന്നിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന്, വിളിപ്പിച്ച പ്രകാരം വീട്ടിലെത്തിയ പിതാവ് സനൽ അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി.
തുടർന്ന് കിടപ്പുമുറിയുടെ ചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ ശ്രീധറിനെ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പോക്സോ ഉൾപ്പെടെ നാല് കേസുകളിൽ ശ്രീധർ പ്രതിയാണെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. 2025 ഡിസംബർ 13ന് കണിയാമ്പുഴയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
രണ്ടാഴ്ച മുൻപും പൊലീസ് ശ്രീധറിനെ തേടി വീട്ടിലെത്തിയിരുന്നുവെങ്കിലും അന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.
പിതാവ് സനൽ തൃപ്പൂണിത്തുറ നഗരസഭയിലെ ജീവനക്കാരനാണ്.
മാതാവ് മായ, സഹോദരി അമ്മു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തും.
English Summary:
A 20-year-old man died by suicide at his residence in Erur near Kochi after police arrived to arrest him. The deceased, Sreedhar, was a wanted accused in a 2025 attempt-to-murder case and was also facing multiple charges including POCSO. When the police team reached his house, he locked himself inside a bedroom. After no response for over an hour, his father entered the house and found him hanging from a ceiling fan. The body has been shifted for post-mortem examination.
youth-suicide-police-arrest-attempt-kochi-erur
Kochi news, Erur incident, youth suicide, police arrest attempt, Hill Palace police, Kerala crime news









