തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് മർദ്ദനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് പരിക്കേറ്റു.(Youth Congress March; clash at various places)
മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിച്ചത്. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.
പൊലീസ് ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വർക്കി ആരോപിച്ചു.