ഇടുക്കി മൂന്നാറിൽ നിന്നും ബൈക്ക് മോഷ്ടിച്ചുകടത്തിയതിന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത 20 കാരന്റെ മോഷണ ചരിത്രം ഞെട്ടിക്കുന്നത്. പുഞ്ചിരിക്കവല വെള്ളറയിൽ ജിഷ്ണു ബിജു (20) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്.
ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ മോഷണങ്ങൾ നടത്തിയ പ്രതി ജിഷ്ണു ഭാര്യ ജെസ്‌നയും 15 കാരനും ഒത്താണ് മോഷ്ടിക്കാനിറങ്ങുന്നത്. ബൈക്കുകളാണ് പ്രിയം.
കൂടെയുള്ള 15 കാരൻ മോഷണത്തിൽ അഗ്രഗണ്യനാണ്. പല തവണ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രായപൂർത്തിയാകാത്ത കുറ്റവാളിയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് പുറത്തിറങ്ങും.
ജിഷ്ണുവും കൗമാരക്കാരനും ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച ജിഷ്ണുവും 15 കാരനായ മറ്റൊരു പ്രതിയും ചേർന്ന് കട്ടപ്പനയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് ശാന്തൻപാറയിൽ എത്തിയപ്പോൾ ബൈക്കിന്റെ പെട്രോൾ തീർന്നു.
ഇതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടു. പിന്നീട് മൂന്നാറിലെത്തിയ പ്രതിയും കൗമാരക്കാരനും അവിടെ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കട്ടപ്പനയിലേക്ക് വന്നു. ബൈക്ക് മോഷണം പോയതായി പരാതി ലഭിച്ച പോലീസ് നടത്തിയ തിരച്ചിലിൽ ജിഷ്ണുവിനെ ബൈക്ക് ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു.