ബംഗളൂരു: മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തിയതിന് യുവതിയെ അറസ്റ്റ് ചെയ്തു. ബെളഗാവിയിലെ ചിക്കോടി താലൂക്കിലെ ഉമറാണി ഗ്രാമത്തിലാണ് സംഭവം.
40വയസുള്ള ശ്രീമന്ത ഇത്നാലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സാവിത്രിയാണ് അറസ്റ്റിലായത്. ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം കല്ലുകൊണ്ട് മുഖം തകർത്തു. പിന്നീട് ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിൽനിന്ന് മാറി ദൂരെ കൊണ്ടുപോയി കളയുകയുമായിരുന്നു. ഡിസംബർ 10നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
തുടർന്ന് കേസെടുത്ത പൊലീസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് നിർണായകമായ തുമ്പ് ലഭിച്ചത്. സംശയം തോന്നി സാവിത്രിയെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മിതിച്ചു. ഡിസംബർ എട്ടിനാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മദ്യപാനിയായ ഭർത്താവ് പണത്തിനായി ഭാര്യയെ പലപ്പോഴും പീഡിപ്പിക്കാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സാവിത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെ ചൊല്ലി ഭർത്താവ് വഴക്കിട്ടു. പിന്നീട് രാത്രി പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഭാര്യ കുറ്റസമ്മതം നടത്തി.
ആദ്യം കഴുത്തു ഞെരിച്ചു, അബോധാവസ്ഥയിലായതോടെ സമീപത്ത് കിടന്ന കല്ലുപയോഗിച്ച് മുഖം തകർത്തു. തുടർന്ന് കല്ല് കിണറ്റിലിട്ടു. മൃതദേഹം കൊണ്ടുപോകാൻ സൗകര്യത്തിന് ശരീരം രണ്ട് കഷ്ണങ്ങളാക്കി ബാരലിൽ കൊണ്ടുപോയി ദൂരെ കിണറ്റിലെറിഞ്ഞതായും പൊലീസ് പറഞ്ഞു.