ഇടുക്കി: ഇന്‍സ്റ്റഗ്രാമിലൂടെ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടില്‍ മുഹമ്മദ് നസീമി (26) നെയാണ് ഇടുക്കി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ നഷ്‌ടമായ വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെയാണ് ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി പറഞ്ഞത്. ഇടുക്കി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് നസീമിനെ അറസ്റ്റ് ചെയ്തത്.
ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എ. സുരേഷും സംഘവുമാണ് മലപ്പുറത്തു നിന്ന് ഇയാളെ പിടികൂടിയത്. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
വിമാനത്താവളത്തിലെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിക്ക് പരിക്ക്
കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം. യാത്രക്കാരിക്ക് പരിക്കേറ്റു. പുതുപ്പള്ളി സ്വദേശിനി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ മുകളില്‍ നിന്നു വീണ ഷീറ്റ് ആദ്യം ഉഷയുടെ തലയിലും പിന്നീട് കാലിലേക്കും വീഴുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് നീരുവന്ന് മുഴച്ചു. കടുത്ത വേദനയും അനുഭവപ്പെട്ടു.
എന്നാൽ വിമാനം പുറപ്പെടേണ്ട സമയമായതിനാല്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷയും മകളും.
തുടർന്ന് പുതുപ്പള്ളിയിലെത്തിയശേഷം വിദഗ്ധചികിത്സ തേടി. എല്ലിന് പൊട്ടലില്ലെന്നാണ് പരിശോധനഫലം.