13 കാരിയായ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും രക്ഷിച്ച ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ. ഇവർ പ്രതിയെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. Young man tries to grab girl: Manju and Shali rescued her
രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴ പെയ്യുമ്പോഴാണ് നൂറനാടിന് സമീപമുള്ള റോഡിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയത്ത് അവിടെ എത്തിയത് കൊണ്ടാണ് പെൺകുട്ടിയെ രക്ഷിക്കാനായത്.
സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപെട്ട പ്രതിയെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോ റിക്ഷയിലും പിന്തുടരുകയായിരുന്നു.
പറയംകുളം ജംഗ്ഷനിൽ സ്കൂട്ടർ പാർക്ക് ചെയ്ത യുവാവിനെ മഞ്ജു പിടിച്ചുവെങ്കിലും, അവൻ തള്ളിയിട്ട് സ്കൂട്ടർ ഓടിച്ചു പോയി. താഴെ വീണ മഞ്ജുവിന് ചെറിയ പരിക്കുകൾ സംഭവിച്ചു.
എന്നാൽ, ഷാലി ഓട്ടോയിൽ യുവാവിനെ പിന്തുടർന്നു. പാറജംഗ്ഷൻ പിന്നിട്ട ശേഷം പടനിലം ജംഗ്ഷനിൽ എത്തിയപ്പോൾ ബാറ്ററി ചാർജ്ജ് തീർന്നതോടെ ഓട്ടോറിക്ഷ നിർത്തി, ഷാലി നിരാശയോടെ മടങ്ങി.
മഞ്ജുവിനെയും ഷാലിയെയും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് അഭിനന്ദിച്ച് നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷ്, വൈസ് പ്രസിഡൻറ് ജി അജികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്ത് അംഗം ശിവപ്രസാദ് എന്നിവർ എത്തി.