കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. കാസർഗോഡ് നീലേശ്വരത്താണ് സംഭവം. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്നാണ് യുവാവിനെ സാഹസികമായി പിടികൂടി താഴെ എത്തിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശ്രീധരന്‍ എന്നയാളാണ് അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ഇയാളുടെ പ്രധാന ആവശ്യം.
വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി. തുടർന്ന് അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്ന് അന്വേഷിച്ചെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല.
ഇതിനിടെ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും നിരവധി ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.