കൊച്ചി: കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് ‘ഉഗ്രൻ മണൽ” വേർതിരിച്ചെടുത്ത് യുവാവ്. തുറമുഖ ട്രസ്റ്റാണ് കായലിൽ നിന്ന് ചെളി നീക്കുന്നത്. ട്രസ്റ്റിന്റെ സഹകരണത്തോടെ വർക്കല സ്വദേശി രതീഷ് വേണുഗോപാലാണ് 2023ൽ ‘മാസ്റ്റർ മൈൻഡ്” കമ്പനി തുടങ്ങിയത്.
പരീക്ഷണം വൻവിജയമായതോടെ കൊച്ചിയിലെ വൻകിട കൺസ്ട്രക്ഷൻ കമ്പനികളിൽ പലതും മണലിനായി ഇപ്പോൾ ഇവരെയാണ് ആശ്രയിക്കുന്നത്.
കപ്പൽചാൽ ആഴംകൂട്ടാൻ വലിയ ഡ്രഡ്ജർ ഉപയോഗിച്ചെടുക്കുന്ന മണ്ണും ചെളിയും പുറംകടലിൽ കളയുകയായിരുന്നു പതിവ്. ബെർത്തിനായി ചെറിയ ഡ്രഡ്ജറുകൾ ഉപയോഗിച്ച് നീക്കുന്ന മണ്ണും ചെളിയുമാണ് ഇപ്പോൾ ലേലം ചെയ്തു നൽകുന്നത്.
ഇത് ലോറിയിൽ പ്ലാന്റിലെത്തിച്ച ശേഷം മൂന്ന് ഘട്ടങ്ങളിലായി കഴുകി വൃത്തിയാക്കും. കക്കയും മണ്ണും ചെളിയും പ്രത്യേക കൺവെയർ ബെൽറ്റിലൂടെ മാറ്റുന്നതാണ് ആദ്യഘട്ടം.
തുടർന്ന് മണൽ വേർതിരിച്ചെടുക്കും. പ്ളാന്റിന് ആവശ്യമായ ജലം സംസ്കരിച്ച് പുനരുപയോഗിക്കാനാകും. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കാണ് മണൽകൂടുതലായി കയറ്റി അയയ്ക്കുന്നത്.
ഡ്രഡ്ജ് ചെയ്യുന്ന ചെളിയിൽ നിന്ന് കളിമണ്ണ് ഉത്പാദിപ്പിക്കാനുള്ള സംവിധാനവും ഉടൻ തുടങ്ങും.വല്ലാർപാടത്ത് തുറമുഖ ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് ഇത്തരത്തിലുള്ള പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ തന്നെ രണ്ടാമത്തെ സമാന പ്ലാന്റാണിത്. പൊന്നാന്നിയിൽ സംസ്ഥാന സർക്കാരും സ്വകാര്യകമ്പനിയും ചേർന്നുള്ള സംരഭമായ രാജധാനി മിനറൽസ് ആണ് ആദ്യത്തേത്.