500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് ഈ ചടങ്ങ് നടത്താറുള്ളത്
പാലക്കാട്: ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാടായ യുവാവ് മരിച്ചു. പാലക്കാട് പരതൂർ കുളമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.(Young man died after eating kanjirakkaya)
പ്രദേശത്ത് നടക്കുന്ന ആട്ട് (തുള്ളൽ) എന്നൊരു ആചാരത്തിന്റെ ഭാഗമായി ഷൈജു കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വർഷംതോറും 500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് ഈ ചടങ്ങ് നടത്താറുള്ളത്. ഷൈജുവാണ് വെളിച്ചപ്പാടായി തുള്ളിയത്. ആചാരത്തിന്റെ ഭാഗമായി വെളിച്ചപ്പാടിന് പഴങ്ങൾ നൽകാറുണ്ട്. ഇതിനെത്തുടർന്നാണ് കാഞ്ഞിരക്കായ കഴിച്ചത്.
സാധാരണ കായ കഴിച്ചതിനുശേഷം തുപ്പിക്കളയുകയാണ് പതിവ്. എന്നാൽ ഷൈജു രണ്ടുമൂന്ന് കായകൾ ഒരുമിച്ച് കടിച്ചുവെന്നും പിന്നീട് തുപ്പിക്കളഞ്ഞില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പിന്നാലെ വീട്ടിൽപോയ ഷൈജുവിന് കുളിച്ചതിനുശേഷമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.