അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്
മൂവാറ്റുപുഴ കല്ലൂർക്കാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തും അയൽവാസിയുമായ നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പ്രദീപിനെ നാട്ടുകാർ കണ്ടെത്തിയിരുന്നു.
നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കത്തിൽ പരുക്കേറ്റ സാഹചര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.
ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാഹനാപകടം മൂലമാണ് പരുക്കുകളുണ്ടായതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് തന്നെ വാഹനാപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച പൊലീസ് ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞു.
അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനത്തെ കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ കാർ ഉടമയായി ജോമിൻ ജോസിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തന്റെ കാറാണ് പ്രദീപിനെ ഇടിച്ചതെന്നും, പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നും അദ്ദേഹം മൊഴി നൽകി.
പ്രദീപ് പരുക്കേറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകയ്യെടുക്കുകയും ചെയ്തതും ജോമിനായിരുന്നു.
എന്നാൽ ഇടിച്ചതിന് പിന്നാലെ കാർ സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ എത്തിച്ചുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.
സംഭവത്തിൽ ജോമിൻ തന്നെയാണ് ഉത്തരവാദിയെന്ന് പുറത്തുവന്നതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാർ പാർക്ക് ചെയ്തിരുന്ന വർക്ക്‌ഷോപ്പിനരികിലും ആളുകൾ പ്രതിഷേധിച്ചു.
കുത്തനെയുള്ള കയറ്റത്തിൽ ജോമിന്റെ കാറിന് മുന്നിൽ പ്രദീപ് അബദ്ധത്തിൽ പെട്ടതും അതിനാൽ അപകടം സംഭവിച്ചതുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.