ആലുവയിൽ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്തു സിറിഞ്ച്
യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ രാജഗിരി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (31) ആണ് കുന്നുംപുറത്തുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നു
ആശുപത്രിയിലെ സർജിക്കൽ ഐ.സി.യു.വിൽ ജോലി ചെയ്യുകയായിരുന്നു മീനാക്ഷി.ഇന്ന് രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
തുടർന്ന് ഫ്ലാറ്റിലെ താമസക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റ് അധികൃതർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്നും ഒരു സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്. മീനാക്ഷി ഫ്ലാറ്റിൽ തനിച്ചാണ് താമസിച്ചിരുന്നത്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താരസംഘടനയുടെ തലപ്പത്ത് ഇനി പെൺമുഖങ്ങൾ; ‘അമ്മ’യിൽ പുതു ചരിത്രം; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ ഇനി വനിതാ മുഖങ്ങൾ. പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും വിജയിച്ചു.
അമ്മയിൽ ആകെ 504 അംഗങ്ങളുണ്ടെങ്കിലും ഇത്തവണ വോട്ട് ചെയ്തത് 298 പേരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 357 പേർ വോട്ട് ചെയ്തിരുന്നു. അന്ന് 70 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 58 ശതമാനമായി 12 ശതമാനം ഇടിവ് രേഖപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ജനറൽ സെക്രട്ടറി പദവിക്കായി രവീന്ദ്രനും കുക്കു പരമേശ്വരനും ഏറ്റുമുട്ടി.
വൈസ് പ്രസിഡന്റായി ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവർ മത്സരിച്ചു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു പോരാട്ടം.
ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ 13 പേർ പത്രിക സമർപ്പിച്ചെങ്കിലും 12 പേർ പിന്നീട് പിന്‍വലിച്ചു.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 13 പേർ മത്സരിച്ചു. ഇതിൽ 4 സീറ്റുകൾ വനിതാ സംവരണത്തിനും 7 സീറ്റുകൾ ജനറൽ വിഭാഗത്തിനുമാണ്.
കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് മത്സരിച്ചത്.
ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ചുറ്റിപ്പറ്റിയ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇത്തവണത്തെ ‘അമ്മ’ തെരഞ്ഞെടുപ്പ്.
സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടക്കുന്നത്. മുതിർന്ന താരങ്ങളടക്കം നിരവധി പേരെ വോട്ട് ചെയ്യാൻ എത്തിക്കാൻ വലിയ ശ്രമം നടന്നു.
ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി തുടങ്ങിയവരും വോട്ട് ചെയ്തു.
“എല്ലാവരും ചേർന്ന് മികച്ച ഭരണം കാഴ്ചവെക്കും” എന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ശ്വേതാ മേനോനിനെതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയജീവിതം അവസാനിപ്പിക്കുമെന്ന് ബാബുരാജ് പ്രഖ്യാപിച്ചു.