പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. ശങ്കറിൻറെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 1957-ലെ പകർപ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കർ ചെയ്തിരിക്കുന്നത്.
ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെ മദ്രാസ് ഹൈകോടതിയിൽ അരരൂർ തമിഴ്നാടൻ എന്ന എഴുത്തുകാരനാണ് കേസ് നൽകിയിരിക്കുന്നത്. വൻ വിജയമായ രജനികാന്ത് ചിത്രം യന്തിരൻറെ ഇതിവൃത്തം താൻ 1996-ൽ പ്രസിദ്ധീകരിച്ച ജുഗീബ എന്ന കഥയിൽ നിന്ന് എടുത്തതാണെന്നാണ് അരരൂർ തമിഴ്നാടൻ അവകാശപ്പെട്ടത്.
തമിഴ്നാടൻ ഒരു കോടി രൂപ അന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 2011 മേയിലാണ് ആരൂർ തമിഴ്നാടൻ ശങ്കറിനെതിരെ പരാതി നൽകിയത്. 2023-ൽ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.