യൂറോയിൽ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ 2-1 നു പരാജയപ്പെടുത്തി ശക്തരായ സ്പെയിൻ ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരത്തിലെ 8 ആം മിനിറ്റിൽ ഫ്രാൻസിന്റെ റാൻഡൽ കൊളോ മുവാനി ഗോൾ നേടി ടീമിനെ മുൻപിൽ എത്തിച്ചെങ്കിലും അവർക്കു അധിക നേരം ആശ്വസിക്കാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പെയിൻ രണ്ട് ഗോളുകളും ഫ്രാൻസിന്റെ വലയിൽ കയറ്റിയിരുന്നു.Yamal surpassed Pele at the age of 16
ഇതോടു കൂടി ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്താവുകയായിരുന്നു. സ്പെയിനിനു വേണ്ടി ആദ്യ ഗോൾ നേടിയത് 16 കാരനായ ലാമിന് യമാൽ ആണ്. കിടിലൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ആയിരുന്നു താരം ഗോൾ നേടിയത്. ഇതോടു കൂടി യൂറോകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്ന റെക്കോർഡും താരം സ്വന്തമാക്കി കഴിഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പ് ടിക്കി ടാക്ക പാസിങ് ഗെയിം ലോകത്തിന് പരിചയപ്പെടുത്തി ലോകകപ്പ്, യൂറോ കപ്പ് ജേതാക്കളായ സ്‌പെയിൻ ആ സീനൊക്കെ വിട്ട് ആക്രമണ ഫുട്‌ബോൾ എന്ന യൂറോപ്പിന്റെ തനത് ശൈലിയിലേക്ക് മാറിയപ്പോഴും പുലി തന്നെ. കാൽപന്ത് കളിയുടെ സമ്പന്ന സംസ്‌കാരം പേറുന്ന സ്‌പെയിനിൽ ഒരു അദ്ഭുത ബാലൻ പിറന്നിരിക്കുന്നു. 16കാരനായ ലാമിൻ യമാൽ. 25 വാര അകലെ നിന്ന് മാരിവില്ല് കണക്കെ നയനമനോഹരമായ ഗോളിലൂടെ ഫുട്‌ബോൾ ഇതിഹാസം സാക്ഷാൽ പെലെയുടെ റെക്കോഡും യമാൽ പഴങ്കഥയാക്കി.
യൂറോ 2024 സെമിയിൽ നാല് മിനിറ്റിനുള്ളിലാണ് സ്‌പെയിൻ കിലിയൻ എംബാപ്പെ നയിച്ച ഫ്രാൻസിന്റെ കഥ കഴിച്ചതെന്ന് പറയാം. ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാൻസിനെ തുടർച്ചയായ രണ്ട് ഗോളിലൂടെ 2-1നാണ് സ്‌പെയിൻ തീർത്തുകളഞ്ഞത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.
യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിൻ മുന്നേറ്റ താരം ലാമിൻ യമാൽ. 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. ഇംഗ്ലണ്ട് അല്ലെങ്കിൽ നെതർലാൻഡ്സിനെതിരെ ബെർലിനിൽ നടക്കുന്ന ഫൈനലിന് മുമ്പ് യമാലിന് 17 വയസ്സ് തികയും.
സ്വിറ്റ്സർലൻഡിന്റെ ജോനാൻ വോൻലാദനൽ 2004 ൽ ഫ്രാൻസിനെിരെ നേടിയ ഗോളാണ് യമാൽ പഴയങ്കഥയാക്കിയത്. അന്ന് 18 വയസും 141 ദിവസവുമായിരുന്നു ജോനാന്റെ പ്രായം. യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെതിരെ ലോങ് റേഞ്ചർ ഷോട്ടിലൂടെയായിരുന്നു യമാലിന്റെ യൂറോയിലെ ആദ്യ ഗോൾ. മത്സരത്തിന്റെ 21-ാം മിനിറ്റിലാണ് യമാലിന്റെ ഗോളെത്തിയത്. വിജയം മാത്രമാണ് ഞാൻ ചോദിക്കുന്നത്, ജയം, ജയം, മത്സരത്തിലെ താരമായി തെരഞ്ഞെടുത്ത ശേഷം യമാൽ പറഞ്ഞു.
പ്രായക്കുറവിന്റെ പേരിൽ ഒരുപിടി റെക്കോർഡുമായാണ് ഈ സ്‌പെയിൻ താരം യൂറോയിൽ അങ്കം കുറിച്ചത്. ക്രൊയേഷ്യക്കെതിരെയുള്ള കന്നി അങ്കം 3-0 ത്തിന്റെ തകർപ്പൻ ജയത്തോടെ സ്‌പെയിൻ ആഘോഷിച്ചപ്പോൾ യൂറോയുടെ ചരിത്രത്തിൽ കളിച്ച ഏറ്റവും പ്രായം പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യമാൽ നേടി.
പതിനഞ്ചാം വയസിൽ സ്പാനിഷ് ലീഗിൽ ഇറങ്ങിയതോടെ ബാഴ്സലോണയുടെ ഈ കൗമാര താരം മറ്റൊരു റെക്കോർഡും അടിച്ചെടുത്തിരുന്നു. ലീഗിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡാണ് താരം കുറിച്ചത്.
ഇത് കൂടാതെ ചാമ്പ്യൻസ് ലീഗിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌പെയിൻ ജഴ്‌സിയിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും ലാമിൻ യമാൽ തന്നെയാണ്. ഫുട്‌ബോൾ ആവേശത്തിനിടയിൽ വ്യക്തിപരമായ ഒരു നേട്ടം യമാൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഹൈസ്‌കൂൾ പരീക്ഷ പാസായെന്നാണ് യമാൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.
യൂറോ കപ്പിൽ ഫൈനലിലെത്തിയ സ്‌പെയിനിനെ പ്രതിനിധാനം ചെയ്യുന്ന താരമാണ് യമാൽ. മെസ്സി കോപ്പ അമേരിക്കയിൽ ഫൈനലിലെത്തിയ അർജന്റീനയെ പ്രതിനിധാനം ചെയ്യുന്നു. യൂറോ സെമി ഫൈനലിൽ ഫ്രാൻസിനെതിരേ യമാൽ നേടിയ ഗോൾ സ്‌പെയിനെ ഫൈനലിലേക്ക് അടുപ്പിച്ചു. കോപ്പ സെമി ഫൈനലിൽ കാനഡയ്‌ക്കെതിരേ മെസ്സി നേടിയ ഗോളിന്റെ ആനുകൂല്യത്തിൽ അർജന്റീനയും സെമിയിൽ പ്രവേശിച്ചു.
ഇരുവരും തമ്മിലുള്ള സമാനത ഇപ്പോൾ തുടങ്ങിയതല്ല. രണ്ടുപേർക്കും ഒരു പൂർവകാല ബന്ധമുണ്ട്. അന്ന് പക്ഷേ, യമാലിന് മെസ്സിയാരാണെന്ന് അറിയുകപോലുമുണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള അക്കാലത്തെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. 16 വർഷങ്ങൾക്ക് മുൻപ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു.
അന്ന് യമാലിന് അഞ്ച് മാസമാണ് പ്രായം. 20 വയസ്സുള്ള മെസ്സി, യമാലിനെ കുളിപ്പിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. യമാലിനെ കൈയിലെടുത്ത് താലോലിക്കുന്ന ചിത്രവുമുണ്ട്. യമാലിന്റെ പിതാവ് മുനിർ നസ്രോയിയാണ് ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങൾ പകർത്തിയത്.
പിൽക്കാലത്ത് മെസ്സിയെ പോലെ തന്നെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെയും വളർച്ച. ഇപ്പോൾ യൂറോയിൽ സ്പെയിനിനായി തകർത്തുകളിക്കുന്ന യമാൽ ബാഴ്സലോണ താരം കൂടിയാണ്. ഫിഫ ലോകകപ്പിൽ മെസ്സിയുടെ നായകത്വത്തിന് കീഴിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തി വിശ്വകിരീടം നേടിയിരുന്നു. തൊട്ടുപിന്നാലെയുള്ള യൂറോ കപ്പിലിതാ മെസ്സി കുളിപ്പിച്ചവനും ഫ്രാൻസിനെ വെള്ളം കുടിപ്പിച്ചിരിക്കുന്നു.