കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ ചികിത്സ പിഴവ് എന്ന് പരാതി. കൈയുടെ വൈകല്യം ശസ്ത്രക്രിയ ചെയ്യാൻ എത്തിയ പെൺകുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസ്സുകാരി ആയിഷ റുവയ്ക്കാണ് ദുർഗതി നേരിട്ടത്. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആരോപിക്കുന്നത്. പിഴവ് മനസ്സിലാക്കിയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞു എന്നും കുടുംബം പറയുന്നു. എന്നാൽ കുട്ടിയുടെ നാവിനും പ്രശ്നം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. എന്നാൽ ഇത് അറിഞ്ഞു തന്നെയാണോ ശസ്ത്രക്രിയ നടത്തിയത് എന്നതിൽ വ്യക്തതയില്ല. പിന്നീട് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ആദ്യമായല്ല ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്.
