കൊല്ലം ബൈപ്പാസിൽ ദേശീയ പാത നിർമാണത്തിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൊല്ലം ബൈപ്പാസിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണത്തിന് കീഴടങ്ങി.
തൊഴിൽ തേടി കേരളത്തിലെത്തിയ 42 കാരനായ മുഹമ്മദ് ജുബ്രായിൽ എന്ന ബിഹാർ സ്വദേശിയാണ് മരിച്ചത്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജോലികൾ നടത്തുന്നതും ഇത്തരം ദുരന്തങ്ങൾക്ക് വഴി തെളയ്ക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
സംഭവം നടന്നത് കുരീപ്പുഴ പാലത്തിന് സമീപമാണ്. നിർമാണ ജോലികൾ നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വൈറലാകാൻ ജീവൻ പണയംവച്ച് യുവാവ്; ഓടുന്ന ട്രെയിനിൽ കുളിച്ച് റീൽ, കേസ് എടുത്തു റെയിൽവേ
തുടർന്ന് നടത്തിയ തിരച്ചിലിൽ, മണ്ണിനടിയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സംഭവം ദൃക്സാക്ഷികൾക്കും കൂട്ടത്തൊഴിലാളികൾക്കും അത്യന്തം ഞെട്ടലും ദു:ഖവും സൃഷ്ടിച്ചു.
അപകടത്തിന്റെ വിവരം ലഭിച്ചതോടെ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മരണത്തിന് കാരണമായ സാഹചര്യങ്ങൾ എന്താണെന്നും, അപകടസമയത്ത് സുരക്ഷാ മുൻകരുതൽ പാലിച്ചിരുന്നുണ്ടോയെന്നതും പരിശോധിക്കുകയാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരണകാരണം സംബന്ധിച്ച അന്തിമ നിഗമനങ്ങളിലേക്ക് അന്വേഷണം നീങ്ങുക.
ദേശീയപാത നിർമാണ ജോലികൾ നടക്കുന്നതിനിടെ കേരളത്തിലെ വിവിധയിടങ്ങളിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ ആണ് ഇത്തരം അപകടങ്ങളിൽ കൂടുതൽ ഇരയാകുന്നത്.
വിശ്രമമില്ലാതെ, പര്യാപ്തമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ജോലിചെയ്യുന്നതാണ് കാരണമെന്ന ആരോപണം പലപ്പോഴും ഉയർന്നിട്ടുണ്ട്.









