മകനെ വെട്ടിനുറുക്കി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുള്ള കെ ലക്ഷ്മിദേവി എന്ന 57കാരിയാണ് തൻ്റെ മകൻ ശ്യാമ പ്രസാദി (37) വകവരുത്തിയത്.
മകൻ്റെ വഴിവിട്ട ജീവിതത്തിൽ മനംമടുത്തിട്ട് ആണെന്നും മറ്റ് വഴിയില്ലായിരുന്നു എന്നുമുള്ള അമ്മയുടെ നിസഹായ സാഹചര്യം പോലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാൽ പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് പ്രകാശം ജില്ലാ എസ്പി എ ആർ ദാമോദർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദിലുള്ള അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും ശ്യാമപ്രസാദ് ഉപദ്രവിച്ചതായി പോലീസ് പറയുന്നു. ഇവർ ശ്യാമപ്രസാദിൻ്റെ അമ്മയുടെ ഏറ്റവുമടുത്ത ബന്ധുക്കളും ആണ്. ഈ സംഭവം അമ്മ ലക്ഷ്മി ദേവിയെ ആകെ ഉലച്ചുകളഞ്ഞതായി അടുത്ത ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. അവിവാഹിതനായിരുന്ന ശ്യാമപ്രസാദിനെ ഒരുവിധത്തിലും നിയന്ത്രിക്കാൻ അമ്മക്ക് കഴിഞ്ഞിരുന്നില്ല.
മഴു അല്ലെങ്കിൽ അതുപോലെ മൂർച്ചയുള്ള ആയുധം കൊണ്ടാണ് ഇയാളെ കൊല നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരം അഞ്ചു കഷണങ്ങളാക്കി മുറിച്ച് ജലസേചന കനാലിൽ ഒഴുക്കുകയായിരുന്നു.
ലക്ഷ്മി ദേവിക്ക് ബന്ധുക്കളിൽ ചിലരുടെ സഹായം കിട്ടിയതായി വ്യക്തമായിട്ടുണ്ട്. ഇവരടക്കം പ്രതികൾക്കായുള്ള തിരച്ചിലിലാണ് പോലീസ്.