കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കണ്ണൂർ അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് ദുരനുഭവം നേരിട്ടത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.(Woman loses vision after nose surgery; Complaint to Chief Minister and Health Minister)
മൂക്കിന്റെ ദശവളർച്ചയ്ക്ക് വേണ്ടിയാണ് ശസ്ത്രക്രിയ ചെയ്തത്. ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ നടന്നത്. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങൽ വന്നതായി അപ്പോൾത്തന്നെ രസ്‌ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുമായിരുന്നു മറുപടി. തുടർന്ന് വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയാസമയത്ത് കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി കണ്ടെത്തി. ഉടനെ ചികിത്സ നൽകണമെന്നും നേത്രചികിത്സാ വിദഗ്ധർ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പ് നൽകി. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
എന്നാൽ പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിക്കുകയായിരുന്നു. ഇവിടെ നിന്നാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും ഡോക്ടർമാർ കണ്ടെത്തി. കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയാണ് യുവതി.