ചെന്നൈ: ട്രെയിനിലെ മിഡിൽ ബർത്ത് വീണ് യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈ മുഗളിവാക്കം സ്വദേശി സൂര്യക്കാണ് പരിക്കേറ്റത്.
പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. മിഡിൽബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്ന സൂര്യയുടെ തലയിലേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു.
അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിൽവേ നൽകിയ വിശദീകരണം. പരിക്കേറ്റ സൂര്യയെ സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ജൂൺ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽബർത്തിന്റെ കൊളുത്തൂരി വീണ് മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. ലോവർബർത്തിൽ കിടന്നിരുന്ന യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.
നന്ദന്‍കോട് കൂട്ടക്കൊലപാതകം; ശിക്ഷാ വിധി ഇന്ന്
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷാ വിധി പ്രസ്താവിക്കുക.
വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കും. നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2017 ൽ സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.









