ുകെയിലും ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിക്രൂട്ടിങ് ഏജൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്.
നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കൊച്ചി സെൻട്രൽ പൊലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്.
ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ പേരിൽ ഉദ്യോഗാർഥികളിൽനിന്ന് 3 മുതൽ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രെയ്നിൽ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഇവർ നടത്തിയിരുന്ന സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്.
എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.
