ത്രസിപ്പിക്കുന്ന ത്രില്ലര്‍. 2025–ലെ ആദ്യ മലയാള സിനിമ. ഏറെ ട്വിസ്റ്റുകളും സസ്പെൻസും പ്രവചനാതീതമായ കഥാഗതിയുമെല്ലാമായി ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. അതാണ് ഐഡന്റിറ്റി.
ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരൊക്കെ മത്സരിച്ച് അഭിനയിച്ച ചിത്രം. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം സാങ്കേതികത്തികവില്‍ സസ്‍പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്നതാണ്.
കോടികളുടെ നിർമാണച്ചിലവ്. മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ. ഐഡന്റിറ്റി എന്ന ടൊവിനോ സിനിമയ്ക്കു വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇങ്ങനെ പലതാണ്. പ്രേക്ഷകരുടെ കാത്തിരിപ്പ് വിഫലമല്ലെന്ന തോന്നലുണർത്തുന്നതാണ് തിയറ്ററിലെ പ്രകടനം.
പതിവ് കഥാരീതികളോടൊപ്പം വിമാന ദൃശ്യങ്ങള്‍ സമര്‍ഥമായി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചതാണ് ഐഡന്റിറ്റിയെ വ്യത്യസ്തമാക്കുന്ന ഘടകം. തിരിച്ചറിയാനാവുന്നതും തിരിച്ചറിയാനാവാത്തതുമായ വ്യത്യസ്ത ഐഡന്റിറ്റികളാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍.
കോയമ്പത്തൂര്‍, കൊച്ചി, പാലക്കാട്, ബെംഗളൂരു തുടങ്ങി വ്യത്യസ്ത ഇടങ്ങളിലൂടെയാണ് കഥാഗതികള്‍ സഞ്ചരിക്കുന്നത്. സാധാരണ കുറ്റാന്വേഷണ- ത്രില്ലര്‍ സിനിമകളില്‍ സംഭവിക്കാറുള്ള ചില ചെറിയ പാളിച്ചകളൊക്കെ ഐഡന്റിറ്റിയുടെ തിരക്കഥയിലും സംഭവിച്ചിട്ടുണ്ട്.
പെൺകുട്ടികളെ പല രീതിയിൽ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന ഒരു സംഘം. അവരുടെ പിന്നാലെ സാഹചര്യവശാൽ പോകേണ്ടി വന്ന നായകൻ.
വലിയ രീതിയിലുള്ള അഴിമതിയും തട്ടിപ്പുമാണ് ഇതിവൃത്തം. കേസ് അന്വേഷണത്തിൽ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യുന്ന രീതിയുമാണ് സിനിമ പറയുന്നത്.
ദുരൂഹമായൊരു കൊലപാതകത്തിനു സാക്ഷിയാവുകയാണ് തൃഷ അവതരിപ്പിച്ച അലീഷ അലീഷയെന്ന കഥാപാത്രം. കേരള പൊലീസും കർണാടക പൊലീസുമൊക്കെ ഒരുപോലെ ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല എസ് പി അലൻ ജേക്കബിനാണ്. ഇതിനിടെ ഉണ്ടായ ഒരു അപകടത്തിനു ശേഷം വളരെ സങ്കീർണ്ണമായ ചില മെഡിക്കൽ അവസ്ഥകളിലൂടെയാണ് അലീഷ കടന്നുപോവുന്നത്.
അഴിക്കും തോറും മുറുകുന്ന സങ്കീർണ്ണമായ കഥാസന്ദർഭങ്ങാള് പിന്നീട്… നിരവധി കഥകളും ഉപകഥകളും വരുന്നുണ്ട്.. പ്രധാന പ്ലോട്ടിനൊപ്പം സബ് പ്ലോട്ടുകളും സമാന്തരമായി പോകുന്നു. ആരാണ് യഥാർത്ഥ കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ യഥാർത്ഥ ലക്ഷ്യം? ആ ഒരൊറ്റ ചോദ്യത്തിൽപെട്ട് പ്രേക്ഷകരും ഉഴറും.
പ്രേക്ഷകർക്ക് അത്ര എളുപ്പത്തിൽ പ്രവചിച്ച് എടുക്കാനാവുന്ന കഥാഗതിയല്ല ചിത്രത്തിന്റേത്. ഒരു പസിൽ ഗെയിം പൂർത്തിയാക്കുന്നതു പോലെ, ക്ലൈമാക്സിൽ മാത്രമേ കഥയുടെ പൂർണമായ ചിത്രം പ്രേക്ഷകർക്കു കിട്ടുകയുള്ളു.
ഇതിനു മുമ്പും കണ്ടിട്ടുള്ള കഥാപരിസരം, അതിനെ പുതുമയോടെ അവതരിപ്പിക്കാനായി എന്നതാണ് ഐഡന്റിറ്റിയുടെ വലിയ പ്രത്യേകത. കഥയെയും കഥാപരിസരത്തെയും എസ്റ്റാബ്ലിഷ് ചെയ്യുന്നതാണ് ഫസ്റ്റ് ഹാഫ്. ഒട്ടും ലാഗ് ഇല്ലാതെയാണ് സിനിമയുടെ പോക്ക്. മിക്ക സീനുകളിലും ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സാധിച്ചു.
എസ്.പി അലൻ ജേക്കബ് കേസ് അന്വേഷണത്തിനായി, സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറിൻ്റെ സഹായം തേടുന്നു. തുടർന്ന്, ഹരണിന്റെ സഹായത്തോടെ അലീഷയും അലനും ചേർന്ന് പ്രതിയുടെ ഒരു രേഖാചിത്രം തയ്യാറാക്കി ദുരൂഹതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നു.
ആദ്യ പകുതിയേക്കാൾ കുറച്ചു കൂടി വേഗത്തിലാണ് രണ്ടാം പകുതി കടന്നു പോകുന്നത്. സങ്കീർണമാണ് തിരക്കഥ. പക്ഷെ അതൊന്നും പ്രേക്ഷകരുടെ ആസ്വാദനത്തെ അധികം ബാധിക്കാത്ത വിധമാണ് അവതരണം. ടെക്നിക്കലി ബ്രില്യന്റാണ് പല സീനുകളിലും സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സിലെ ഫൈറ്റ് രംഗം ഒരു മലയാള സിനിമയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
നായകനായ ഹരൺ ശങ്കർ ആയി ടൊവീനോ തോമസ് മിന്നും പ്രകനമാണ് നടത്തുന്നത്. തൃഷയും തന്റെ ഭാഗം മികച്ചതാക്കി. വിനയ് റായ്, മന്ദിരാ ബേദി, ഷമ്മി തിലകൻ, അർച്ചനാ കവി, ഗോപിക രമേശ്, അജു വർഗീസ് തുടങ്ങിയ നീണ്ട താരനിരയും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു.
രചനയും സംവിധാനവും നിർവഹിച്ച അഖിൽ പോൾ–അനസ് ഖാൻ കൂട്ടുകെട്ട് മികവോടെയാണ് സിനിമയ്ക്ക് ജീവൻ നൽകിയിരിക്കുന്നത്. അഖിൽ ജോർജിന്റെ ഛായാഗ്രഹണം സിനിമയുടെ ടെക്നിക്കൽ ബ്രില്ല്യൻസിനെ ഉയർത്തി. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ജേക്സ് ബിജോയുടെ സംഗീതവും സിനിമയുടെ മാറ്റ് കൂട്ടി.