തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ടു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ കേരള സന്ദർശനം. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി വേദിയിൽവച്ച് പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കേരളത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി ബിജെപി പരിഗണിക്കുന്ന തിരുവനന്തപുരത്ത്, ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ട് സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേര് ഈ മണ്ഡലത്തിൽ ഉയർന്നുകേട്ടിരുന്നു. ചലച്ചിത്ര താരം ശോഭനയുടെ പേരും അവസാന ഘട്ടങ്ങളിൽ ചർച്ചകളിൽ നിറഞ്ഞുഎങ്കിലും ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ ജിജ്ഞാസ നിലനിർത്തുന്ന സമീപനമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റേത്. സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തോടു കേന്ദ്രനേതൃത്വം പറഞ്ഞത്
ഇന്നു രാവിലെ 10.30നാണ് മോദി തിരുവന്തപുരം വിമാനത്താവളത്തിലെത്തുക.തുടർന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ജാഥയുടെ സമാപന സമ്മേളനം. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും.
നാളെ ഉച്ചയ്ക്ക് 1.10ന് തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതൽ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതൽ ഉച്ച വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് വേദിയിലേക്ക് പോകുന്ന വഴിയോരങ്ങളിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകർ കൂറ്റൻ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സുരക്ഷാ പരിശീലനങ്ങൾ നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്, വേദിയുടെ സുരക്ഷ എസ്പിജിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഗഗൻയാൻ പദ്ധതി പുരോഗതി വിലയിരുത്തും
ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് മോദി ഗഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിക്കും. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഇതിൽ ഒരാൾ മലയാളിയാണ്. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിർവഹിക്കും,.
27ന് രാവിലെയാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാൽ തന്നെ പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആൾസെയിൻസ് – പേട്ട – ആശാൻ സ്‌ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.
28 -ാം തിയതി രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കൽ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരടക്കം മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം – ചാക്ക ഫ്‌ളൈ ഓവർ – ഈഞ്ചക്കൽ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇൻർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കിൽ വെൺപാലവട്ടം – ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കൽ അനന്തപുരി ആശുപത്രി സർവീസ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങൾ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസിൽ ഈഞ്ചക്കൽ മുതൽ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാർക്ക് ചെയ്യേണ്ടതാണ്. മേൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ 27, 28 തീയതികളിൽ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ ഡ്രോൺ പറത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.