ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർഥികളുമായി കോൺഗ്രസും ബിജെപിയും രണ്ടാം ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇരുപാർട്ടികളുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ഇന്നലെ വൈകുന്നേരം ചേർന്നിരുന്നു. ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നൽകിയെന്നും നിലവിലെ പല സിറ്റിംഗ് എംപിമാർക്കും സീറ്റ് ഇല്ലെന്നുമാണ് വിവരം.
മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗം മധ്യപ്രദേശിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകി. കമൽ നാഥിൻ്റെ മകൻ നകുൽ നാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പട്ടികയിൽ മുതിർന്ന പല നേതാക്കളും മത്സരിക്കും എന്നാണ് വിവരം.
ബിജെപി 150 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. കേരളത്തിൽ നാല് സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോൺഗ്രസ് വിട്ട് എത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകിയതാണ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക വൈകാൻ കാരണം. മാർച്ച് മൂന്നിന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയിൽ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടകയിൽ ഇടംപിടിച്ചിരുന്നു.