തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആവശ്യമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. (Will not participate in election anymore, the center of action is Kerala itself: K Muraleedharan)
തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ് ഗോപിയുടെ ഇടപെടല്‍ മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പോട് കൂടി ലോകം അവസാനിക്കാന്‍ പോകുന്നില്ല. തൃശൂരില്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായത്. അല്ലെങ്കില്‍ കോട്ടയത്തും ഇടുക്കിയിലും ഒന്നും ഞങ്ങള്‍ ജയിക്കില്ലല്ലോ. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം മുരളീധരന്‍ ഡല്‍ഹിയിലെത്തിയത് അറിയാതെ കോഴിക്കോട്ടെ വീട്ടിലെത്തിയ വിഡി സതീശന് കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. സതീശന്‍ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ കാത്തിരുന്നേന്നെയെന്ന് മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. ഡല്‍ഹിയില്‍ തുടരുന്ന മുരളീധരന്‍ സോണിയ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഘടനാ സാഹചര്യം ധരിപ്പിക്കും.