തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ വെറും 10 സെക്കന്‍ഡ് മാത്രമാണ് പ്രശ്‌നം ഉണ്ടായതെന്നു സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനു കേസെടുത്ത പൊലീസ്, മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ആരും പരാതിപ്പെടാതെ കേസെടുക്കാന്‍ മാത്രം ആ വേദിയില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ശ്രദ്ധേയമാണ്.
”വിഐപിയുടെ പ്രസംഗം ഒരു മൈക്ക് ഓപ്പറേറ്ററും മനപ്പൂര്‍വം തടസ്സപ്പെടുത്തില്ല. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ വെറും 10 സെക്കന്‍ഡ് മാത്രമായിരുന്നു പ്രശ്‌നം. അദ്ദേഹം സംസാരിക്കുന്നതിനിടെ തിരക്കില്‍ ആളുകള്‍ കേബിളില്‍ തട്ടിയാണു ശബ്ദം തകരാറിലായത്. സാധാരണ എല്ലാ പരിപാടികള്‍ക്കും ‘മൈക്ക് ഹൗളിങ്’ പതിവാണ്. കഴിഞ്ഞദിവസം രാവിലെ കന്റോണ്‍മെന്റ് സിഐ എന്നെ വിളിച്ചിരുന്നു. എന്റെ മൊഴിയെടുത്തു. പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അവയെല്ലാം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
വിദഗ്ധ പരിശോധനയ്ക്കു ശേഷം മൈക്ക് സെറ്റ് തിരിച്ചു തരാമെന്നാണു പൊലീസ് പറയുന്നത്. പരിശോധനയ്ക്കായി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിനു കൈമാറും എന്നാണ് പൊലീസ് അറിയിപ്പ്. അവ എന്നുകിട്ടുമെന്നറിയില്ല. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ഈ മേഖലയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള വിവിഐപികള്‍ക്കൊക്കെ പരിപാടികളില്‍ മൈക്ക് നല്‍കിയിരുന്നു. രാഹുലിനു സ്ഥിരമായി മൈക്ക് നല്‍കാറുണ്ട്. ഇതുപോലെ ഹൗളിങ് പതിവാണ്, അസ്വാഭാവികമായി ഒന്നുമില്ല. മുന്‍പ് ഇത്തരം കേസ് വന്നിട്ടില്ല. ഇങ്ങനെയൊരു അനുഭവം ആദ്യമാണ്”- രഞ്ജിത് വിശദീകരിച്ചു.