തിരുവനന്തപുരം: തിങ്കളാഴ്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തല്ല എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മൈക്ക് തടസ്സപ്പെട്ടത്. കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് (118 E KPA ആക്ട്) പ്രകാരമാണ് കേസ് എടുത്തത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍ എന്നതാണ് വകുപ്പ്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മൈക്ക്, ആമ്പ്‌ളിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.
മൈക്ക് തടസപ്പെട്ടത് ആരെങ്കിലും മനഃപ്പൂര്‍വം പ്രവര്‍ത്തിച്ചതുകൊണ്ടാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആമ്പ്‌ളിഫയര്‍, വയര്‍ എന്നിവ വിട്ട് കൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.