തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന ആക്ഷേപങ്ങൾക്ക് ഇടയിലും ഇന്ധന വിലയിൽ നേരിയ കുറവ് വരുത്തിയ കേന്ദ്ര സർക്കാർ നടപടി ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വില ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിയ്ക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ചെങ്കടലിലെ ഹൂത്തികളുടെ ചരക്ക് കപ്പൽ ആക്രമണങ്ങളും മുൻപ് തന്നെ എണ്ണ വില ഉയർത്തിയിരുന്നു. സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ സ്‌ഫോടനത്തിൽ ഇറാന്റെ സൈനിക ജനറൽമാരും നയതന്ത്ര ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതാണ് പുതിയ അരക്ഷിതാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. തിരിച്ചടിയ്ക്കുമെന്ന് ഇറാനും ഇടപെടുമെന്ന് അമേരിക്കയും പറഞ്ഞതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമാകുമെന്ന സ്ഥിതിയുണ്ടായി. ഇതോടെ ക്രൂഡ് ഓയിൽ വിലയും ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ യു.എ.ഇ.യിലും യൂറോപ്പിലും ഇന്ധന വില വർധിച്ചെങ്കിലും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ധന വില വർധിച്ചിട്ടില്ല.
അമേരിക്കൻ ഉപരോധങ്ങൾ കടുത്തതോടെ കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ കഴിയാത്തതും എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിലവിലെ നഷ്ടം ഉൾപ്പെടെ നികത്താൻ എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന സൂചനകളാണുള്ളത്.