ചേരമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്.(Wild elephant attack; farmer killed)
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്. അഴകമ്മയുടെ കാലിലെ പരിക്ക് ഗുരുതരമാണ്. അഴകമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ശേഖറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.