മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു
മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ ഉന്നതികളിലെ ഗോത്ര സമൂഹത്തിൻ്റെ പ്രധാന വരുമാനമാർഗ്ഗമാണ് കൂർക്ക കൃഷി.
ഒക്ടോബർ പകുതിയോടെ ആരംഭിച്ച വിളവെടുപ്പ് നാലാഴ്ച പിന്നിടുമ്പോൾ 45,521 കിലോ കൂർക്ക കിഴങ്ങ് വനം വകുപ്പിൻ്റെ ചില്ലലേല വിപണിയിലൂടെ വിറ്റഴിച്ചു കഴിഞ്ഞു.
വിളവെടുപ്പ് 2026 ഫെബ്രുവരി നീളും. വലിപ്പത്തിൻ്റെ വ്യത്യാസത്തിലാണ് വില നിശ്ചയിക്കുന്നത്. ചെറുകിഴങ്ങിന് 20 രൂപ മുതലും വലിയ കിഴങ്ങുകൾക്ക് 81 രൂപ വരെയും വ്യാഴാഴ്ചകളിൽ നടക്കുന്ന ലേല വിപണിയിൽ വില ലഭിച്ചു വരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അൻപതിലധികം വ്യാപാരികൾ വലിയ തോതിൽ കൂർക്ക ലേലത്തിലൂടെ വാങ്ങി വരുന്നു.കൂടാതെ ചില്ലലേല വിപണി സന്ദർശിച്ചു വരുന്ന സഞ്ചാരികളും കൂർക്ക വാങ്ങി വരുന്നു.
മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു
കഴിഞ്ഞ സീസണുകളിൽ 1000 ലധികം ടൺ കൂർക്കയാണ് വിറ്റഴിച്ചിരുന്നത്. ഇതു കൂടാതെ ചില്ലറലേല വിപണിയിൽ കൊണ്ടുവരാതെ പുറമെ 1000 ടൺ കൂർക്കയെങ്കിലും വിറ്റഴിച്ചു വരുന്നുണ്ട്.
മറയൂർ പഞ്ചായത്തിലെ ആറ് ഉന്നതികളിലാണ് പ്രധാനമായും കൂർക്ക കൃഷി ചെയ്തുവരുന്നത്. 350 ലധികം കർഷകരാണ് ഇത്തവണ കൃഷിയിറക്കിയത്.
മറയൂർ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന കവക്കുടി,കുത്തുകല്ല്, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടുളക്കുടി, എന്നീ ഉന്നതികളിലാണ് പ്രധാനമായും കൂർക്ക കൃഷി ചെയ്തുവരുന്നത്.
ഇത്തവണ കാലാവസ്ഥ അനുകൂലമായി വിളവ് കൂടിയതിനാൽ 1500 ടൺ കൂർക്ക മലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഉന്നതികളിലെ ഗോത്ര സമൂഹം.









