ഇടുക്കിയിലും വയനാട്ടിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്ന കാട്ടുപന്നിശല്യം സമീപ ജില്ലകളിലേക്ക് കടന്നതോടെ കാർഷിക മേഖലകൾ പൂർണമായും ഭീതിയിലായി. ഇടുക്കി ജില്ലയിൽ കാട്ടുപന്നി, മ്ലാവ്, കുരങ്ങ് , ആന തുടങ്ങിയ മൃഗങ്ങൾ പലപ്പോഴും വേലികടന്നെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
കാട്ടുപന്നി ശല്യത്തെ തുടർന്ന് കപ്പ , ചേന , ചേമ്പ് തുടങ്ങിയ കൃഷികൾ കർഷകർ മുൻപേ ഉപേക്ഷിച്ചിരുന്നു. എന്നാൽ വനാതിർത്തി വിട്ട് പുറത്തെത്തുന്ന കുരങ്ങുകൾ കുരുമുളക്, ഏലം, കാപ്പി കൃഷികളും ഇപ്പോൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകരിൽ പലരും കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. .
കാട്ടുപന്നികൾ പെരുകിയതോടെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന എറണാകുളം , കോട്ടയം ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ എത്തിത്തുടങ്ങി. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ മലയോര മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവ ജനവാസ കേന്ദ്രങ്ങളിലേയ്ക്കും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
റബ്ബർ കൃഷി നഷ്ടത്തിലായതോടെ കപ്പ, വാഴ ഉൾപ്പെടെ തന്നാണ്ടു വിളകൾ കൃഷി ചെയ്യുന്ന കർഷകർ ഭീതിയിലായി. എരുമേലി, കങ്ങഴ തുടങ്ങിയ പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കാൻ നിയന്ത്രിത വേട്ട ഉൾപ്പെടെ അനുവദിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എം.പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് പന്നികളെ വെടി വെയ്ക്കാൻ പഞ്ചായത്ത് അധികൃതർക്ക് ഇടക്കാലത്ത് അധികാരം ലഭിച്ചിരുന്നെങ്കിലും പദ്ധതി വേണ്ടത്ര വിജയം കണ്ടില്ല.