തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു. അത് മാത്രമല്ല തമിഴ്‌നാട്ടുകാർ മദ്യം വാങ്ങാൻ കൂട്ടത്തോടെ കേരളത്തിലെത്തുകയും ചെയ്യുന്നു.
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കിയിട്ടും ഉത്തരം കിട്ടാതായതോടെ തമിഴ്‌നാട് എക്‌സൈസ് നേരിട്ട് കേരളത്തിലെത്തി കച്ചവടത്തിന് പിന്നിലെ ഗുട്ടൻസ് കണ്ടെത്താനുള്ള ശ്രമമായി.
ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുളള എക്‌സൈസ് സംഘം കേരള അതിർത്തിയായ പാറശാലയിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയിലെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് തമിഴ്നാട് എക്‌സൈസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ മദ്യക്കടയിലെത്തിയതെന്നാണ് വിവരം.
കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡ്, വില എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അവർക്ക് അറിയേണ്ടി ഇരുന്നത്. ഇതിനെ പറ്റി എല്ലാം ജീവനക്കാരോട് ചോദിച്ചെങ്കിലും അവർ നൽകാൻ തയ്യാറായില്ല. ഹെഡ് ഓഫീസിൽ നിന്ന് നിർദ്ദേശം ഉണ്ടെങ്കിലേ വിവരങ്ങൾ കൈമാറാൻ കഴിയൂ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
ജീവനക്കാരിൽ നിന്ന് വിവരങ്ങൾ കിട്ടില്ലെന്ന് മനസ്സിലായതോടെ തങ്ങളുടെ നാട്ടിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി തമിഴ്‌നാട് സംഘത്തിന്റെ ശ്രമം.
കേരളത്തിൽ രാവിലെ പത്തുമണിമുതൽ മദ്യം കിട്ടും. എന്നാൽ തമിഴ്‌നാട്ടിൽ മദ്യം കിട്ടാൻ പന്ത്രണ്ടുമണിയാവണം. ഇത് വില്പന കുറയാൻ ഒരു കാരണമെന്നാണ് തമിഴ്‌നാട്ടുകാരായ മദ്യപ്രേമികൾ പറഞ്ഞത്. വില്പനശാലയ്ക്കുമുന്നിൽ സ്ഥാപിച്ചിരുന്ന വിലനിലവാര ബോർഡുകളുടെ പട്ടികയുടെ ഫോട്ടോയും പകർത്തിയാണ് തമിഴ്‌നാട് സംഘം മടങ്ങിയത്.