2024 മാർച്ച് നാലിന് കേരളം കണ്ട അതേ രാഷ്ട്രീയ നാടകം. അതിന്റെ തനിയാവർത്തനമായിരുന്നു ഇക്കഴിഞ്ഞ രാത്രിയിലും കേരളം കണ്ടത്. അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ അത് നിലമ്പൂരിലായിരുന്നു. അവിടെ മാത്യു കുഴൽനാടനായിരുന്നെങ്കിൽ ഇവിടെ പി വി അൻവർ. ഇരുവരും സ്ഥലം എംഎൽഎമാർ; അതിലുപരി സർക്കാരിൻ്റെ കണ്ണിൽ കരടായവർ. ഇരുവർക്കെതിരെയും പോലീസ് നടപടിയുണ്ടായത് വനം വകുപ്പിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 72കാരി ഇന്ദിരയുടെ പേരിലായിരുന്നു കോതമംഗലത്ത് പ്രതിഷേധമെങ്കിൽ നിലമ്പൂരിൽ ആന ജീവനെടുത്ത ആദിവാസി യുവാവ് മണിയുടെ പേരിലായിരുന്നു.
ഇന്ദിരയുടെ മൃതദേഹവും കൊണ്ട് കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസുകാരെ പോലീസ് പതിവില്ലാത്ത വീര്യത്തിൽ നേരിട്ടു. കോതമംഗലത്ത് മൃതദേഹം അടങ്ങിയ മൊബൈൽ ഫ്രീസർ പ്രതിഷേധക്കാരിൽ നിന്ന് തട്ടിയെടുത്ത് റോഡിലൂടെ വലിച്ചുകൊണ്ടോടുന്ന പോലീസുകാരെ അന്ന് കേരളം കണ്ടു. ഈ പ്രതിഷേധങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും അന്ന് രാത്രിയോടെ പോലീസ് പതിയിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കോടതി ഇവർക്ക് ജാമ്യം നൽകി.
നിലമ്പൂരിൽ വനനിയമ ഭേദഗതിക്കെതിരെ ഏതാനും ദിവസങ്ങളായി പി വി അൻവറിൻ്റെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. ഇതിനിടെ ശനിയാഴ്ച വൈകിട്ടോടെയാണ് മണിയെന്ന യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായപ്പോൾ അൻവർ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഇപ്പോൾ പിറത്തുവരുന്ന വിവരം.
കഴിഞ്ഞവർഷം മാർച്ച് നാലിന് മാത്യുവിനെതിരെ എടുത്ത കേസിലും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രാത്രി രണ്ടരയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പക്ഷെ ജാമ്യം അനുവദിക്കുകയായിരുന്നു. അതേ മാതൃകയിൽ അൻവറിന് കോടതി ജാമ്യം അനുവദിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ലെന്നതു മാത്രമാണ് കോതമംഗംലം കേസിൽ നിന്നുണ്ടായ വ്യത്യാസം. തൽക്കാലം അഭിഭാഷകനെ നിയോഗിക്കുന്നില്ലെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് കേസുകൾ കേരളത്തിലെമ്പാടും എടുത്തിട്ടുണ്ടെങ്കിലും ഇത്ര തിടുക്കത്തിൽ നടപടി എടുക്കുന്നത് ഇതാദ്യമാകും. കേസെടുത്ത് നാലു മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. നിയമസഭ തച്ചുതകർത്ത കേസിൽ പോലും ഇതുവരെ ഒരൊറ്റ എംഎൽഎ പോലും, ഒരു രാത്രി പോലും ജയിലിൽ പോയിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. 2013ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ഹർത്താലിൽ വനം ഓഫീസുകൾ തകർക്കുകയും ഔദ്യോഗിക വാഹനങ്ങൾ തീയിട്ടിട്ടും ചെയ്തിട്ടും ഇത്രയും കാര്യക്ഷമമായ പോലീസ് നടപടികളുണ്ടായില്ല. പിണറായി സർക്കാർ അധികാരത്തിൽ ഇരിക്കെയാണ് ഈ കേസുകളിൽ അവരെ എല്ലാവരെയും കോടതി വെറുതെ വിട്ടതും.