പത്തനംതിട്ട: കൈപ്പത്തി ചിഹ്നത്തിന് അമർത്തിയപ്പോൾ വോട്ട് പോയത് താമരക്കെന്ന് പരാതി. കുമ്പഴ വടക്ക് ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം. ഷേർളി എന്ന വോട്ടർ വോട്ടു ചെയ്തപ്പോൾ വിവി പാറ്റ് മെഷീനിൽ താമര തെളിഞ്ഞുവെന്നായിരുന്നു പരാതി. ഇതേ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷനിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി.
ചെയ്യാത്ത വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു. ചെയ്ത വോട്ട് റദ്ദാക്കണമെന്ന് ആന്റോ ആന്റണി വരണാധികാരിയായ ജില്ല കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ സംഭവസ്ഥലം സന്ദർശിച്ചു.
വീണ്ടും വോട്ടു ചെയ്യുന്നതിന് വോട്ടർക്ക് അവസരമുണ്ടെന്നും എന്നാൽ, വോട്ടർ ആരോപിച്ച മറ്റൊരു ചിഹ്നമല്ല വിവിപാറ്റിൽ തെളിയുന്നതെങ്കിൽ തെറ്റായ പരാതി നൽകിയതിന് ആറ് മാസം തടവും പിഴയും അനുഭവിക്കണമെന്നുമാണ് നിയമമെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇതോടെ പരാതിയില്ലെന്ന് പറഞ്ഞ് വോട്ടർ മടങ്ങി.