മഴ നനയുന്ന പെൺസുഹൃത്തിനെ സഹായിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് മൂലം ട്രെയിൻ വൈകിയത് മണിക്കൂറോളം. മുംബയ് ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൻകോട്ട് ഇലക്‌ട്രിക് വയറിൽ കുരുങ്ങിയാണ് ട്രെയിൻ ഗതാഗതം സ്‌തംഭിച്ചത്. (When it rained, the train was delayed by hours due to a raincoat given to his girlfriend)
റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരി മഴ നനയുന്നത് കണ്ടത്. സുഹൃത്ത് മഴ നനയുന്നത് കണ്ട യുവാവ് തന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് ട്രാക്കിന് മുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. കോട്ട് ചെന്ന് പതിച്ചത് ട്രാക്കിന് മുകളിലുള്ള റെയിൽവേ ഇലക്‌ട്രിക് വയറിന് മുകളിലായിരുന്നു. ഇതോടെ ഈ വഴി വന്ന എല്ലാ ട്രെയിനുകളും പിടിച്ചിട്ടു. ഈ വയറുകളിലേക്കുള്ള വൈദ്യുതി ബന്ധം റെയിൽവേ താൽക്കാലികമായി വിച്ഛേദിച്ച ശേഷം റെയിൻകോട്ട് എടുത്ത് മാറ്റി. ഏകദേശം 25 മിനിട്ടാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. റെയിൻകോട്ട് എറിഞ്ഞ യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.