സമീപകാലത്തായി വാട്സ്ആപ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകൾ അമ്പരപ്പിക്കുന്നതാണ്. നേരത്തെ വാട്സ്ആപ്പിൽ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകൾ ഓഫ്‍ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ വാട്സ്ആപ്പ് പോലെ ചൈനയിൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പായ വീചാറ്റിന്റെ പാത പിന്തുടർന്ന് വാട്സ്ആപ്പും ഒരു ഓൾ ഇൻ വൺ ആപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാൻ പോവുകയാണ് മെറ്റ.
വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ വരുമെന്ന സൂചന പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇൻഫോ ആണ് നൽകിയിരിക്കുന്നത്. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലർ അവതരിപ്പിക്കുന്നത്. നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോൾ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
