കുരുമുളക് വില കുതിക്കുമ്പോൾ വിളവ് ചതിച്ചു. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള വ്യാപാരികളും സംസ്ഥാനത്തെ മസാല കമ്പനികളും വൻ തോതിൽ കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയതോടെ വലിയ കുതിപ്പാണ് കുരുമുളക് വിലയിൽ ഉണ്ടായത്. 2023 ജൂലൈ രണ്ടാം വാരം പ്രധാന മാർക്കറ്റായ ഇടുക്കിയിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലൈ 26 ആയപ്പോഴേക്കും 540 മുതൽ 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിയ്ക്കാൻ തുടങ്ങി. പലപ്പോഴും മാധ്യമങ്ങളിൽ വരുന്ന വിലയേക്കാൾ ഉയർന്ന വില കുരുമുളകിന് ലഭിച്ചു. എന്നാൽ രണ്ടു വർഷമായി വിളവ് കുറഞ്ഞതിനാൽ വില വർധനവിന്റെ നേട്ടം ലഭിച്ചത് ചെറിയ വിലയ്ക്ക് കുരുമുളക് സ്റ്റോക്ക് ചെയ്ത വൻകിട വ്യാപാരികൾക്കാണ്. വേനൽ കടുത്തതോടെ കുരുമുളക് ചെടികൾ ഉണങ്ങുകയും ചെയ്തു.
Read also: ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല: പരമ്പര ഒന്നാം ഭാഗം:-റബ്ബറിനെ പടിയിറക്കുന്ന കേരളം
2018 മുതൽ ഉണ്ടായ രണ്ട് പ്രളയവും പിന്നീടുണ്ടായ വരൾച്ചയും കുരുമുളക് കർഷകർക്ക് വലിയ തോതിൽ തിരിച്ചടിയായിരുന്നു. പ്രളയത്തിൽ ഒട്ടേറെ കർഷകരുടെ കൃഷി നശിച്ചു. പിന്നീടുണ്ടായ വരൾച്ച കൃഷി നാശത്തിന്റെ ആക്കം കൂട്ടി. ഏറെ അധ്വാനിച്ച് കൃഷി നാശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോഴേക്കും മഞ്ഞളിപ്പ് രോഗമെന്നും സാവധാന വാട്ടമെന്നും അറിയപ്പെടുന്ന രോഗം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ ബാധിച്ചിരുന്നു. ദ്രുതവാട്ടവും , പെട്ടെന്ന് തന്നെ കായ പൊഴിഞ്ഞു പോകുന്ന അജ്ഞാത രോഗങ്ങളുമെല്ലാം കർഷകർക്ക് വെല്ലുവിളിയായിട്ടുണ്ട്. മുൻപ് വിളവെടുപ്പ് സമയത്ത് വാടുന്ന കുരുമുളക് ചെടികൾ മഴ ലഭിക്കുമ്പോഴേക്കും തളിർത്ത് വളരുന്ന പതിവുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനംമൂലം കുരുമുളക് ചെടിയ്ക്ക് വാട്ടവും തളിർപ്പും ഉണ്ടാക്കുന്നില്ല. 2023 ജൂൺ , ജൂലൈ മാസസങ്ങളിൽ വേണ്ടത്ര മഴ കിട്ടാത്തതിനാൽ ചരട് പൊഴിയുന്നതും വെല്ലുവിളിയായിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു വർഷമായി ഉത്പാദനം പാതിയായി ഇടിഞ്ഞു. കോവിഡ് പ്രതിസന്ധി കാലത്ത് സംഭരിച്ച കുരുമുളക് വിറ്റഴിച്ചതോടെ വില ഉയരുമ്പോൾ കണ്ടു നിൽക്കാൻ മാത്രമാണ് കർഷകർക്ക് സാധിക്കുന്നത്.
നേട്ടം സംഭരിച്ചവർക്ക്
ഏഴു വർഷം മുൻപ് വരെ ഗുണമേന്മയേറിയ കുരുമുളകിന് 700 രൂപ വില ലഭിച്ചിരുന്നു. ഇറക്കുമതി വർധിച്ചതോടെ പിന്നീട് വിലയിടിഞ്ഞുതുടങ്ങി കോവിഡ് ഒന്നാം തരംഗത്തിലാണ് കുരുമുളക് വില കുത്തനെയിടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച് ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപ വരെയെത്തിയെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി. 2021 ഒക്ടോബറിൽ കുരുമുളക് വില വീണ്ടും ഉയർന്നു തുടങ്ങി. നവംബറിൽ വില 540 രൂപ വരെയെത്തി വീണ്ടും വിലയിടിഞ്ഞ് 2023 ജൂണിൽ 480 രൂപയായിരുന്നു. നിലവിൽ 585 രൂപ ഇടുക്കിയിലെ ഗുണമേന്മയുള്ള കുരുമുളകിന് വിപണികളിൽ ലഭിയ്ക്കുന്നുണ്ട് . എന്നാൽ കുറഞ്ഞ വിലയ്ക്ക് കുരുമുളക് സംഭരിച്ച ഊഹക്കച്ചവടക്കാർക്കും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടുക്കിയിലെ വൻ കിട വ്യാപാരികൾക്കും മാത്രമാണ് കുരുമുളക് വില വർധനവിന്റെ നേട്ടം ലഭിച്ചത്.
( ഏലം ലേല കേന്ദ്രത്തിൽ നടക്കുന്ന ഏജൻസികളുടെ തട്ടിപ്പും വേനലും ഏലം കർഷകനുണ്ടാക്കിയ നഷ്ടം . അതേക്കുറിച്ച് അടുത്ത ദിവസം)
Read also: ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല: പരമ്പര ഒന്നാം ഭാഗം:-റബ്ബറിനെ പടിയിറക്കുന്ന കേരളം