എടപ്പാൾ: വട്ടംകുളം-എരുവപ്രക്കുന്ന് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി. റോഡരികിലെ മണ്ണ് തുരന്നുണ്ടാക്കിയ വലിയ മാളമാണ് റോഡിന് പണിയായത്. വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ പോയതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.
ഇത്രയും വലിയ ഗർത്തം എന്തെന്നറിയാൻ കുഴിയിലിറങ്ങി പരിശോധിച്ചപ്പോഴാണ് മുള്ളൻ പന്നിയും കുഞ്ഞുങ്ങളും അതിനുള്ളിൽ സ്ഥിരതാമസമാക്കിയത് അറിയുന്നത്.
നാട്ടുകാർ ചേർന്ന് അവയെ പിടിക്കാൻ നോക്കിയപ്പോഴേക്കും രക്ഷപ്പെട്ടു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, വാർഡ് മെമ്പർ ദിലീപ് എരുവപ്ര എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി. റോഡ് പഴയ പടിയാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
English Summary
What happened to Vattamkulam-Eruvaprakun Road