കോട്ടയം: വർഷം രണ്ട് കഴിഞ്ഞു വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആർ പ്രശാന്തിനൊപ്പം ശ്യാം പ്രസാദ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ശ്യാം കൊല്ലപ്പെട്ട ദിവസവും കുടമാളൂർ പള്ളിയിലെ ഡ്യൂട്ടിയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ‘സാറേ ഞാൻ നാളെ റെസ്റ്റായിരിക്കുമേ’ എന്നു പറഞ്ഞു പോയ ശ്യാം ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആർ.പ്രശാന്ത് കുമാർ അന്ന് കരുതിയിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പു കാലത്തൊഴികെ നോക്കിയാൽ, രണ്ടു വർഷത്തിലേറെയായി പ്രശാന്തിനൊപ്പമായിരുന്നു ശ്യാം. ഡ്രൈവർ എന്നതിനേക്കാൾ സഹോദരനെപ്പോലെയായിരുന്നു ശ്യാം തനിക്കെന്നു എസ്.എച്ച്.ഒ. പറഞ്ഞു.
അടുത്തിടെ, ശ്യാമിൻ്റെ അടുത്ത സുഹൃത്ത് മരണപ്പെട്ടിരുന്നു. ആ സംഭവത്തിന്റെ വേദനയിൽ ശ്യാമിനെ ആശ്വസിപ്പിച്ച കാര്യം പറയുമ്പോൾ അദ്ദേഹം ഇപ്പോഴും വികാരധീനാവുകയാണ്.
‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുന്നത്?’ ശ്യാം ഈ ചോദ്യം പ്രശാന്ത് കുമാറിനോടു ചോദിച്ചിരുന്നു. എന്നിട്ട് ഞാൻ തന്നെ ആയിരിക്കും ആദ്യം മരിക്കുക എന്ന് ശ്യാം പറയുകയും ചെയ്തിരുന്നത്രെ.
പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലിൽ എത്തിയിരുന്നു. ഇല്ലിക്കൽ മൈതാനം കണ്ടപ്പോൾ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആർടിസിയിൽ ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം കെ.എസ്.ആർ.ടി.സിയിലാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീടാണ് പൊലീസ് ഡ്രൈവർ സ്ഥാനത്തേക്കെത്തിയത്.
ജോലിയുടെ ഇടവേളകളിൽ പോലീസ് വാഹനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകൾ പാടുമായിരുന്നു. ശ്യാം ഒരിക്കലും തൻ്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു എന്നും പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു.
ഏറ്റുമാനൂർ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. മർദനമേറ്റു വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.2018ൽ പോലീസിൽ ഡ്രൈവറായി നിയമനം ലഭിച്ച് സന്തോഷത്തോടെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കുടുംബത്തിലേക്ക് ദുരന്ത വാർത്ത എത്തിയത്.