വെഞ്ഞാറമൂട്: വഴിയരികിലെ താരമായിരുന്ന തണ്ണിമത്തനും റംബൂട്ടാനും ഡ്രാഗന്‍ ഫ്രൂട്ടുമെല്ലാം ഇപ്പോള്‍ ഔട്ടായി. പകരം നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ നിറ സാനിദ്ധ്യമായിരുന്ന ഞാവല്‍ പഴമാണ് ഇപ്പോള്‍ താരം.Watermelon, rambutan and dragon fruit are all out now
മഴക്കാലത്ത് ഞാവല്‍പ്പഴം തിന്നണോ എന്നാല്‍ ഇത്തവണ നല്ലവില നല്‍കേണ്ടിവരും. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതിനാല്‍ ഇത്തവണ കിലോക്ക് 400 രൂപ വരെയുണ്ട്. സീസണില്‍ 150 – 200 രൂപവരെയുള്ള ഞാവല്‍പ്പഴത്തിനിപ്പോള്‍ നല്ലവിലയാണ്.
പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങളാകട്ടെ കാല്‍ക്കിലോക്ക് 150 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെയുണ്ട്. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവല്‍പ്പഴങ്ങളാണിപ്പോള്‍ വിപണിയിലുള്ളത്.
പടിഞ്ഞാറന്‍ മേഖലയില്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതും പ്രാദേശികമായി ഞാവല്‍പ്പഴങ്ങളില്ലാത്തതുമാണ് വില കൂടാന്‍ കാരണം. മലയാളികളുടെ ഇഷ്ട പഴങ്ങളില്‍ ഒന്നാണ് ഞാവല്‍പ്പഴമെന്നിരിക്കെ വില കൂടിയാലും ആവശ്യക്കാരേറെയാണ്.
ദേശീയ – സംസ്ഥാനപാതകളിലൊക്കെ ഞാവല്‍പ്പഴം വില്‍ക്കുന്നവരെ കാണാം ഞാവല്‍പ്പഴം ധാരാളമായി എത്തിത്തുടങ്ങുമ്പോള്‍ വില 200ലും താഴെയെത്തുമെങ്കിലും ഇപ്പോള്‍ വില കൂടുതല്‍ കാരണം കുറച്ച് വാങ്ങുന്നവരാണ്.
പച്ചക്കറി – മത്സ്യ – മാംസാദികള്‍ക്കെല്ലാം വില കൂടുമ്പോഴും പഴവര്‍ഗങ്ങള്‍ക്ക് വിപണിയില്‍ നേരിയ ആശ്വാസമുണ്ട്. നേന്ത്രപ്പഴത്തിന് 60-65 രൂപയിലെത്തി നില്‍ക്കുമ്പോള്‍ 80 രൂപ കടന്ന പൈനാപ്പിളും 40 രൂപയില്‍ താഴെയായി. ഞാവല്‍പ്പഴവും ഇലന്തിപ്പഴവുമെല്ലാം നൊല്‍സ്റ്റാജിയയാണെങ്കിലും ന്യൂജെന്‍ ഫ്രൂട്ട്‌സുകള്‍ക്കു പുറകെ പോകുന്ന മലയാളികള്‍ക്ക് ഇത്തവണ ഞാവല്‍പ്പഴത്തിന്റെ രുചിയറിയണേല്‍ നല്ല വില കൊടുക്കണമെന്ന സ്ഥിതിയാണ്.
ആദ്യകാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറും… കണ്ടാല്‍ വാങ്ങാതെ പോകാന്‍ തോന്നില്ല. പണ്ട് നാട്ടില്‍ സമൃദ്ധമായി കണ്ടിരുന്ന പഴവര്‍ഗമായിരുന്നെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നില്ല. തമിഴ്‌നാട്, അന്ധ്രാ ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഞാവല്‍പ്പഴം വില്പനയ്ക്കായി ഇവിടേക്ക് എത്തുന്നുണ്ട്. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ സമയമാണ് ഇപ്പോള്‍. മഴപെയ്തതോടെ പൊഴിഞ്ഞുവീണ് മരച്ചുവട്ടില്‍ കിടന്നുതന്നെ കേടായിപോകാനാണ് നാട്ടിലെ ഞാവല്‍പ്പഴത്തിന്റെ വിധി.
നിപ്പാ രോഗത്തിന്റെ വരവോടെ വാവലുകള്‍ ഭക്ഷിക്കുന്നവയാണെന്ന് പേടിച്ച് പഴുത്ത് താഴെ വീഴുന്ന ഞാവലുകള്‍ ആരും എടുക്കാറില്ല. നാട്ടിലുണ്ടാകുന്ന ഞാവല്‍പ്പഴത്തേക്കാള്‍ വലിപ്പവും നിറവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഞാവല്‍പ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ കാണാന്‍ ഭംഗിയുള്ള ഇവ ചോദിക്കുന്ന വിലകൊടുത്ത് ആവശ്യക്കാര്‍ വാങ്ങുകയാണ്.
അന്നജവും ജീവകവും പ്രോട്ടീനും, കാത്സ്യവുമെല്ലാം അടങ്ങിയിരിക്കുന്ന ഞാവല്‍ ഔഷധഗുണം ഏറെയുള്ള പഴവര്‍ഗമാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഞാവലിന്റെ ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. അതിനാല്‍ ആയുര്‍വേദ വൈദ്യന്മാര്‍ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.