തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. (Water levels in rivers and dams in the state are rising; Extreme caution is required)
വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി ഉയർന്നു. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന സാഹചര്യമാണ്. ഇടുക്കിയിലെ കല്ലാർകുട്ടി -98.09, ലോവർ പെരിയാർ -100, തൃശൂർ പെരിങ്ങൽകുത്ത് -94.46, മാട്ടുപ്പെട്ടി -97.48, പത്തനംതിട്ട മൂഴിയാർ -68.71 ശതമാനം എന്നിങ്ങനെയാണ് കൂടിയ ജലനിരപ്പ്. നെയ്യാർ, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം തുടങ്ങിയ ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാനിർദേശം നൽകി. തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉൽപാദനം ക്രമീകരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് നിർദേശം.