ചണ്ഡീഗഡ്/ന്യൂഡല്‍ഹി: ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്നു ‘മനഃപൂര്‍വം’ വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹരിയാന സര്‍ക്കാര്‍. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി. കേന്ദ്ര ജല കമ്മിഷന്‍ (സിഡബ്ല്യുസി) മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒരു ലക്ഷം ക്യുസെക്സില്‍ കൂടുതലുള്ള വെള്ളം പടിഞ്ഞാറന്‍ യമുനയിലേക്കും കിഴക്കന്‍ യമുന കനാലിലേക്കും ഒഴുക്കിവിടാന്‍ കഴിയില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.
ഹത്‌നികുണ്ഡ് അണക്കെട്ടില്‍ ഒരു ലക്ഷം ക്യുസെക്സില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തിയാല്‍ പടിഞ്ഞാറന്‍ യമുനയിലേക്കും കിഴക്കന്‍ യമുന കനാലിലേക്കും വെള്ളം ഒഴുക്കാനാകില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേവേന്ദ്ര സിങ്ങും പറഞ്ഞു. വലിയ പാറക്കഷണങ്ങള്‍ ഉള്‍പ്പെടെ ഒഴുക്കിവിടാന്‍ സാധിക്കാത്തതിനാലാണ് ഇത്. അങ്ങനെ ചെയ്താല്‍ അണക്കെട്ടിനു കേടുപാടുകള്‍ സംഭവിക്കാം. അതിനാല്‍ കനാലുകളുടെ ഹെഡ് റെഗുലേറ്റര്‍ ഗേറ്റുകള്‍ അടയ്ക്കുകയും ക്രോസ് റെഗുലേറ്റര്‍ ഗേറ്റുകള്‍ തുറന്ന് യമുന നദിയിലേക്കു വെള്ളം ഒഴുക്കുകയും ചെയ്യുന്നു.
പടിഞ്ഞാറന്‍ യമുനാ കനാലിലേക്കും കിഴക്കന്‍ യമുന കനാലിലേക്കും വെള്ളം തുറന്നുവിടാതെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് യമുനാ നദിയിലേക്കു വെള്ളം തുറന്നുവിടുകയാണെന്നും അതു ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആരോപിച്ചതായി എഎപിയുടെ പേരു പറയാതെ ട്വീറ്റില്‍ വ്യക്തമാക്കി. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അലംഭാവവും കാര്യക്ഷമതയില്ലായ്മയും മറച്ചുവയ്ക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ദേവേന്ദ്ര സിങ് പറഞ്ഞു.
മുതിര്‍ന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്, എഎപി മുഖ്യ വക്താവ് പ്രിയങ്ക കക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ”പ്രളയമുണ്ടായാല്‍ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് തുല്യ അളവിലാണ് വെള്ളം തുറന്നുവിടുന്നത്. എന്നാല്‍ ജൂലൈ 9 മുതല്‍ 13 വരെ മുഴുവന്‍ ജലവും ഡല്‍ഹിയിലേക്കാണ് തുറന്നുവിട്ടത്. മൂന്നു സംസ്ഥാനങ്ങളിലേക്കും തുല്യമായാണ് വെള്ളം തുറന്നുവിട്ടിരുന്നതെങ്കില്‍ യമുനയോട് ചേര്‍ന്നുള്ള ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് പ്രദേശങ്ങള്‍ സുരക്ഷിതമായേനെ.”- എഎപി നേതാക്കള്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ മൂന്നു ദിവസം മഴ പെയ്തില്ലെങ്കിലും എങ്ങനെയാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതെന്നും സഞ്ജയ് സിങ് ചോദിച്ചു. ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് വെള്ളം മനഃപൂര്‍വം ഡല്‍ഹിയിലേക്ക് ഒഴുക്കിയത് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ മാത്രമാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ”ഹത്‌നികുണ്ഡ് അണക്കെട്ടില്‍, മൂന്നു വ്യത്യസ്ത വഴികളിലൂടെയാണ് നീരൊഴുക്കുള്ളത്. ഒരെണ്ണം ഡല്‍ഹിയിലേക്കും മറ്റൊന്ന് ഉത്തര്‍പ്രദേശിലേക്കും മറ്റൊരെണ്ണം ഹരിയാനയിലേക്കും. വെള്ളപ്പൊക്കത്തില്‍ ജലം തുല്യമായാണ് ഒഴുക്കിവിടേണ്ടത്. എന്നാല്‍ യമുന നദിയിലേക്കും ഡല്‍ഹിയിലേക്കും വെള്ളം ഒഴുക്കിവിടാന്‍ ബിജെപി ഗൂഢാലോചന നടത്തി.”- അദ്ദേഹം ആരോപിച്ചു.