തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയയിൽ ഇട്ട് വി.ടി ബൽറാം. ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയതത്. ‘പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചു’ എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു ബൽറാമിന്റെ പോസ്റ്റ്.
“രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാൽ അവരുടെ ബന്ധം അതോടെ തീർന്നു. അതല്ല യഥാർത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭർത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാൽ കേന്ദ്രത്തിലെ യു.പി.എ മിനിസ്ട്രി തകരും. രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളർത്തി വരികയാണെന്നോർക്കണം. അതിനിടയിൽ പെങ്ങൾ ചീത്തപ്പേരു കേൾപ്പിച്ചെന്നറിഞ്ഞാൽ തീർന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമർ?,” എന്നാണ് പുസ്തകത്തിൽ പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം.
“2010ലോ മറ്റോ ആണ് നോവൽ ആദ്യമായി പുറത്തുവന്നതെങ്കിലും ഇതുവരെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നോവലിൽ “ഭാവനയുടെ സാന്ദ്രത” നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് തോന്നുന്നത്. “ബിംബങ്ങളും ധ്വനികളും” സമൃദ്ധമായി ഉണ്ട്. ചില പേജുകൾ ഇതോടൊപ്പം നൽകുന്നു. വായിച്ചു നോക്കാവുന്നതാണ്.” എന്നാണ് ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതോടൊപ്പം നോവലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 2014-ൽ ഡിസി ബുക്സ് പുറത്തിറക്കിയ മീരയുടെ നോവെല്ലകൾ എന്ന പുസ്തകത്തിലെ ഒരു നോവൽ ഇതായിരുന്നു. രണ്ട് വർഷം മുൻപ് നോവൽ തമിഴിലേക്കും വിവർത്തനം ചെയ്തിരുന്നു.