തൃശൂർ: തൃശൂർ പൂരം അലങ്കോലമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് സുനിൽ കുമാറിന്റെ പ്രതികരണം.(vs sunilkumar on thrissur pooram issue)
പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് കൃത്യവിലോമം സംഭവിച്ചിട്ടുണ്ടെന്നും വി എസ് സുനിൽ കുമാർ ആരോപിച്ചു. പൂരം വിവാദത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിരുന്നില്ല. ഈ റിപ്പോർട്ട് പുറത്ത് വിടാൻ ഉടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.
‘തൃശൂരില്‍ പൊലീസിന്റെ പൂരം കലക്കലിലൂ’ടെയാണ് സുരേഷ്ഗോപി വിജയിച്ചതെന്നും താരതമ്യേന ജൂനിയര്‍ ആയ എസിപി അങ്കിത്ത് അശോക് സ്വന്ത താല്പര്യ പ്രകാരമല്ല പൂരം കലക്കിയതെന്നും ആണ് പി വി അൻവർ എംഎൽഎ ആരോപിച്ചത്. സുരേഷ് ഗോപിയും അജിത്കുമാറും തമ്മില്‍ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരില്‍ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.