മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച വ്‌ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന വാദങ്ങൾ തള്ളി പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെ വൈകിട്ടോടെയാണ് വാഹനാപകടത്തിൽ മരിച്ചത്.
ഇതിനിടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങളുമായി സംവിധായകൻ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജുനൈദിന്റെ രക്ത സാമ്പിൾ വിദഗ്ധ പരിശോധനകൾക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല അപകടത്തിന് തൊട്ടുമുൻപ് ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായി പൊലീസ് കണ്ട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങൾ പൊലീസ് തള്ളിയത്.
ഇന്നലെ വൈകീട്ട് 6.20 ന് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വ്‌ളോഗർ ജുനൈദ് മരണപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിൽ തലയുടെ പിൻഭാഗത്ത് പരിക്കേൽക്കുകയായിരുന്നു. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടന്ന ജുനൈദിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.