വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജനും മലയാളിയുമായ വിവേക് രാമസ്വാമി. അയോവ കോക്കസിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് വിവേക് രാമസ്വാമി പിന്മാറ്റം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണക്കുമെന്നും അറിയിച്ചു. ട്രംപിൽ നിന്നടക്കം കനത്ത വിമർശനങ്ങളാണ് കഴിഞ്ഞ ദിവസം വിവേക് നേടിയത്. അതേസമയം, പിന്മാറ്റം പ്രഖ്യാപിച്ചതോടെ വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കുമെന്നാണ് സൂചന.
അയോവയില്‍ നടത്തിയ കോക്കസില്‍ 59 ശതമാനം വോട്ട് നേടിയാണ് ട്രംപിന്റെ വിജയം. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപ് വിജയിച്ചത്. റോണ്‍ ഡെസാന്‍റിസ് 19 ശതമാനവും നിക്കി ഹേലി 18 ശതമാനവും വോട്ടുനേടി. എന്നാൽ, വിവേക് രാമസ്വാമിക്ക് ആറ് ശതമാനം വോട്ടാണ് നേടാനായത്. 99 കൗണ്ടുകളിലായി 1700 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നിയമനടപടിക്കിടയിലും ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനയാണ് ട്രംപിന്റെ വിജയത്തോടെ വ്യക്തമാകുന്നത്. ഇതോടെ ട്രംപ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ഏറെയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു വിവേക് പറഞ്ഞത്. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്.
Read Also: 16.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ