കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കാനഡ കൊണ്ട് വരുന്ന പുതിയ വീസാചട്ടത്തിൽ ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍. കാനഡയില്‍ വീസ പദവിയില്‍ മാറ്റംവരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നൽകുന്ന നിയമമാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ വീസ അപേക്ഷകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.
കാനഡയിൽ പഠനകാലം സ്വപ്നം കണ്ട് സർവ രേഖകളുമായി ചേക്കേറിയ വിദ്യാര്‍ത്ഥികളുടെ വീസ അനുമതി അപ്രതീക്ഷിതമായി റദ്ദാക്കുന്ന പ്രവണത വർധിച്ചു വരികയാണ്. കൃത്യമായ അക്കാഡമിക് റെക്കോഡ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രതിസന്ധി നേരിടേണ്ടി വരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ഇത്തരത്തില്‍ 7,000ത്തോളം ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വീസ റദ്ദാക്കപ്പെടുമെന്നാണ് പറയുന്നത്. കാനഡയിൽ വിവിധ കോഴ്‌സുകളിലായി നിരവധി മലയാളി വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്താന്‍ പ്രധാന കാരണം കാര്യമായ സൗകര്യങ്ങളില്ലാത്ത സ്വകാര്യ കോളജുകളാണെന്ന് ആണ് പ്രധാനമാണ് ഉയർന്നു വരുന്ന ആക്ഷേപം.
കോവിഡാനന്തരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച നല്കി. ഇതോടെ ബിസിനസ് ലക്ഷ്യത്തോടെ നിരവധി സ്ഥാപനങ്ങളാണ് ഉയര്‍ന്നു വന്നത്. പല സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്.
ഒരു വര്‍ഷ കോഴ്‌സിന് ചേരുന്ന വിദ്യാർത്ഥിക്ക് 7-8 മാസം മാത്രമാണ് പഠന കാലയളവായി ലഭിക്കുക. സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്റ്റേ ബാക്ക് സൗകര്യവും ലഭിക്കില്ല. അതുകൊണ്ടു തന്നെ പലരും താമസസൗകര്യം കണ്ടുപിടിക്കാന്‍ പോലും ബുദ്ധിമുട്ടി. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് നിയമം കടുപ്പിക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ല. കാനഡയ്ക്ക് ഭാവിയില്‍ ആവശ്യമുള്ള മേഖലകളിലേക്കുള്ള കോഴ്‌സുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ഈ കോഴ്‌സുകള്‍ക്ക് മാത്രമാകും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നൽകുക. എന്നാൽ പുതിയ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാതെ കാനഡയ്ക്ക് വിമാനം കയറിയവര്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വരും.
ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് സമ്പൂര്‍ണ അധികാരം
വിദേശീയരുടെ കാര്യത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്ന രീതിയിലാണ് കാനഡയുടെ പുതിയ വീസ ചട്ടം. ഇ-വീസകള്‍ പോലുള്ള ഇലക്ട്രോണിക് യാത്രാരേഖകളും താല്‍ക്കാലിക റെസിഡന്റ് വീസകളും റദ്ദാക്കാനോ നിരസിക്കാനോ ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പുതിയതായി രാജ്യത്തെത്തുന്നവരുടെ തൊഴില്‍ പെര്‍മിറ്റുകളും വിദ്യാര്‍ത്ഥി വീസയും റദ്ദാക്കാനും സാധിക്കുമെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.