പാരിസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്.Vinesh Phogat’s appeal against disqualification for underweight after qualifying for Olympic wrestling finals
വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ അപ്പീലിൽ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്.
ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്‌ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.
ഒളിംപിക്‌സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്.
അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയിൽ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.