തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാൻ കുഴഞ്ഞു വീണു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് പ്രതി കുഴഞ്ഞു വീണത്. ഉടൻ തന്നെ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. രക്തസമർദത്തിലെ വ്യതിയാനം മൂലമാണ് കുഴഞ്ഞു വീണതെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പ്രതിയെ തിരികെ പാങ്ങോട് സ്റ്റേഷനിലേക്ക് എത്തിച്ചു.
അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്തും. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അതേസമയം ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴിയാണ് അഫാൻ ആവർത്തിക്കുന്നത്.