തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഇന്ന് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് അന്വേഷിക്കുന്ന കേസുകളിലും അഫാനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ട് അഗതിമന്ദിരത്തിലാണ് കഴിയുന്നത്. ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.