കൽപറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.(Veena George said that the madrasa hall was released for the post-mortem)
നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ട കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ് ലൈന്‍ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 300 കടന്നു.107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ചുളിക്ക മദ്രസ ഹാളാണ് അവർ വിട്ടു നൽകിയത്. ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ അന്തർദേശീയ ഗൈഡ്ലൈൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.